ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Monday, June 7, 2010

ഐ പി എല്‍ അവതാരം

ക്രിക്കറ്റ്‌ ലോകത്തെ മറൊരു ഖല്ഖി അവതാരം ഉടലെടുത്തു കഴിഞ്ഞു. ഒരു ലഹരിയായി ഇന്ന് ക്രിക്കറ്റ്‌ ആരാധകര്‍ എല്ലാം മറന്ന് ആടിത്തിമര്‍ക്കുന്നതും നാം കാണുന്നു. എല്ലാ ദിവസവും മാധ്യമങ്ങള്‍ ഐ പി എല്‍ ആഘോഷം കെങ്കേമം ആക്കുന്നു. അത് കളിയുടെ കാര്യത്തില്‍ ആയാലും കുംഭകോണങ്ങള്‍ ആയാലും. ഞാനും ഈ കളി കാണുന്നു. ഒരു പക്ഷെ ഒരു തികഞ്ഞ കായിക പ്രേമി ആയതുകൊണ്ടാവാം. അല്ലെങ്കില്‍ ഒരു മതം പോലെ സമൂഹത്തില്‍ പടര്‍ന്നു കയറിയ ഈ കൂത്തിന് എന്റെ മനസ്സില്‍ അറിയാതെ തന്നെ വന്ന സ്വാധീനം പകര്‍ന്ന ആവേശം എന്നും പറയാം. ഒരു പ്രത്യേക കളിക്ക് ഇന്ന് കിട്ടുന്ന പ്രാധാന്യമോ, അത് കാണണമോ, വേണ്ടയോ എന്നതല്ല ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം. ഓരോ കളിക്കും എന്ന പോലെ ക്രിക്കറ്റിനും ഒരു കേളീശൈലി, സ്വഭാവം, ചാരുത എന്നിവ സ്വാഭാവികമായും ഉണ്ട്. ഈ കായിക ഇനത്തെ വികസ്വര, അവികസിത രാജ്യങ്ങളില്‍ സ്ഥാനമില്ല എന്നും നമുക്ക് വാദിക്കാം. അതിനെ അതിന്റെ പാട്ടിനു വിട്ടേക്കൂ. പക്ഷെ ഐ പി എല്‍ എന്ന പുതിയ കമ്പോള രൂപം, ഈ ഇനത്തിന്റെ സ്വാഭാവിക ഭംഗിയും, രൂപത്തെയും ആകെ തകര്‍ക്കുന്നു എന്നത് സമ്മതിച്ചേ പറ്റൂ. ഫ്രാഞ്ചൈസികള്‍ എന്ന പേരില്‍ ഓരോരുത്തരും ഓരോ ടീം ഏറ്റെടുത്ത്‌ കളിക്കാരെ കളത്തില്‍ ഇറക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് സ്വന്തസ്ഥാനം ഉറപ്പിക്കാന്‍ ചാവേറുകളെ അങ്കത്തട്ടില്‍ വിടുന്ന നാടുവാഴികള്‍ ആണ്. ‘വെട്ടേറ്റ്‌ വീണാലും വീട്ടെക്ക് മാനം തന്നെ’ എന്ന എം ടി യുടെ വാക്കുകള്‍ ഓര്‍ത്തുപോവുന്നു.
അതും അവിടെ നില്‍ക്കട്ടെ. അത് കായികരംഗത്തെ വ്യാവസായിക രംഗത്തെ സ്വാഭാവിക രൂപാന്തരം എന്ന് പറഞ്ഞു നമുക്ക് തടി തപ്പാം. ഈ പുതിയ അവതാരം എത്രമാത്രം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നൂ എന്ന തോര്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അമ്പരപ്പാണ് ഉണ്ടാവുന്നത്. മാധ്യമങ്ങള്‍ എല്ലാം മറന്ന് ഇത് ആഘോഷിക്കുന്നത് നമുക്ക് മനസ്സിലാക്കാം. അവര്‍ക്ക്‌ ആവശ്യം അത്തരം ആഘോഷങ്ങള്‍ മാത്രമാണല്ലോ, എല്ലാ കാലത്തും. പക്ഷെ സാമാന്യ ജനത്തിന്റെ ചിന്തയും ബോധവും വരെ ഈ ഐ പി എല്‍ ലഹരി കവര്‍ന്നെടുത്തു എന്നതാണ് ദയനീയം. ജനം ഐ പി എല്‍ ലഹളയില്‍ മുങ്ങിക്കുളിക്കുമ്പോള്‍, ആയിരക്കണക്കിന് പൈസ മുടക്കി ടിക്കറ്റ്‌ എടുത്തും അല്ലെങ്കില്‍ ടീ വി ക്ക് മുന്നില്‍ സര്‍വവും മറന്ന് ഉന്മാദിക്കുമ്പോള്‍, നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാവുന്നില്ല. അവര്‍ ഓര്‍ക്കുന്നില്ല ഈ ഐ പി എലിന്റെ പേരില്‍ കോടികളുടെ കൊടുക്കല്‍ വാങ്ങലുകളും അതിനെ ചൊല്ലി ഉണ്ടാവുന്ന വിവാദങ്ങളും, തങ്ങള്‍ വന്ചിക്കപെടുകയാണ് എന്ന വാസ്തവവും. അറിഞ്ഞിട്ടും അറിയാതെ ഏതോ ഒരു ഉന്മാദത്തിന്റെ തീവ്രതയില്‍ ജനം മരവിക്കുന്നു.

കോടികള്‍ കൊയ്യുന്ന ഈ ക്രിക്കറ്റ്‌ വ്യവസായം ഇങ്ങനെ പന്തലിക്കുംപോഴും, ജനകോടികള്‍ ഒരു നേരത്തെ അന്നത്തിനു നെട്ടോട്ടമോടുന്നത് അവഗണിക്കപ്പെടുന്നു. പട്ടിണി കാരണം വീട് വിട്ടു ഓടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന പുതിയ റിപ്പോര്‍ട്ട് എത്രപേര്‍ അറിയുന്നു. ഖാപ്‌ പഞ്ചായത്തിന്റെ താലിബാന്‍ പരിഷ്കാരം ഒരു ഫ്ലാഷ് ന്യൂസ് പോലെ മറയുമ്പോള്‍, ആരൊക്കെ ഇതിനെപറ്റി വ്യാകുലപ്പെടുന്നു. ഇന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വികസനം ഒരു വിദൂരസ്വപ്നമായി നില്‍ക്കുന്നതും, പ്രാഥമിക സൗകര്യങ്ങള്‍ പോലും കിട്ടാത്ത ജനലക്ഷങ്ങള്‍ തെരുവില്‍ അലയുന്നതും പ്രശ്നമാവുന്നില്ല, സര്‍ക്കാരിനും, മാധ്യമങ്ങള്‍ക്കും, ജനത്തിനും. ഈ അവസരം മുതലെടുത്ത്‌ വിഘടന വാദികള്‍ സാമൂഹ്യ വികാസത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് സ്വാധീനം നേടുന്നു. അങ്ങിനെ ഉത്തരവാദിത്വം ഇല്ലാത്ത സര്‍ക്കാരിനും, വികസനമന്ത്രം മറയാക്കുന്ന അക്രമവാദികള്‍ക്കും ഇടയില്‍ പാവം ജനം ഞെരുങ്ങുന്ന അവസ്ഥയും ഇന്ന് നമുക്ക് കാണാം.
കളികള്‍ നടക്കട്ടെ. പുതിയ സങ്കേതങ്ങളും സങ്കല്‍പ്പങ്ങളും വളരട്ടെ. പക്ഷെ എല്ലാം കളിയല്ല എന്ന് നാം അറിയുക. നമ്മുടെ മനസ്സിന്റെ, ചിന്തയുടെ എഴയലത്തും വരാതെ നാം മാറ്റി നിര്‍ത്തിയിട്ടുള്ള ഭൂരിപക്ഷ ജനസമൂഹത്തെ നമ്മുടെ ഉള്ളില്‍ പുനര്‍പ്രതിഷ്ഠ നടത്തുക. ഐ പി എല്‍ പോലുള്ള വന്‍ വ്യവസായം പകര്‍ന്ന ലഹരികള്‍ക്കിടക്ക്, അല്‍പ സമയം സമൂഹത്തെ പറ്റി, നമ്മുടെ സഹജീവികളെ പറ്റി ഓര്‍ക്കുക... അല്ല മറക്കാതിരിക്കാനെന്കിലും ശ്രമിക്കുക.

ശശി കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

No comments:

Post a Comment